ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ആത്മ പദ്ധതി പ്രകാരം കാർഷിക പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.
മട്ടന്നൂർ കിൻഫ്ര പാർക്ക്, കോൾഡ് സ്റ്റോറേജ്, തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ബയോ മൗണ്ടൻ കമ്പനി, കാക്കയങ്ങാട് മൺസൂൺ മഷ്റൂം പാർക്ക് എന്നിവിടങ്ങളിലേക്കാണ് പഠനയാത്ര നടത്തിയത്. പഞ്ചായത്ത് കാർഷിക വികസനസമിതി പഠനയാത്രയ്ക്ക് നേതൃത്വം നൽകി. കാർഷിക ഉത്പന്നങ്ങളുടെ ദീർഘകാല സംരക്ഷണം, വൈവിധ്യവത്കരണം, വിപണനസാധ്യതകൾ തുടങ്ങി വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ദർ വിശദീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, പഞ്ചായത്തംഗങ്ങളായ പി.ജെ. ജോസ്, കെ.ഡി. പ്രവീൺ, പ്രിൻസ് വെള്ളക്കട, ലീന വില്യം, കൃഷി ഓഫീസർ കെ.ആർ. ജിതിൻ, സുരേഷ് കുറ്റൂർ, പി. ഗീത തുടങ്ങിയവർ പങ്കെടുത്തു.